ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ കൂടുതൽ പരുങ്ങിലേക്ക്, ബാധ്യതകൾ പണമാക്കാൻ വിദേശ ഓപ്പറേറ്റർമാർ നടത്തിയ നീക്കം വിപണിയെ സമ്മർദത്തിലാക്കി. മുൻനിര സൂചികകൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. വിപണി സാങ്കേതികമായി ദുർബലമെന്ന കാര്യം മുൻവാരങ്ങളിൽ സൂചിപ്പിച്ചത് ശരിവച്ച് സൂചിക താഴ്ന്ന തലങ്ങളിലേക്ക് നീങ്ങുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിനു ശേഷം ആദ്യമായി തുടർച്ചയായി അഞ്ച് ആഴ്ചകളിൽ വിപണിക്കു തിരിച്ചടി നേരിട്ടു.
സെൻസെക്സ് 949 പോയിന്റും നിഫ്റ്റി സൂചിക 294 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. ഒരു മാസ കാലയളവിൽ ബോംബെ സൂചിക 7703 പോയിന്റും നിഫ്റ്റി 2359 പോയിന്റും ഇടിഞ്ഞു. ഈ വർഷം പിറന്ന് ആദ്യ മൂന്നു മാസങ്ങളിൽ ഇവ യഥാക്രമം 11,637 പോയിന്റും 3310 പോയിന്റും തകർച്ചയിലാണ്. അതായത് ഇടിവ് 13 ശതമാനത്തിൽ അധികം. മധ്യപൂർവേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ബാധ്യതകൾ പരമാവധി കുറയ്ക്കാൻ രാജ്യാന്തര ഫണ്ടുകൾ നടത്തുന്ന നീക്കം സൂചികയെ വീണ്ടും തളർത്താം.
ഓഹരി വിറ്റ് ഡോളർ ശേഖരിക്കാനുള്ള നീക്കം രൂപയുടെ റിക്കാർഡ് തകർച്ചയ്ക്ക് ഇടയാക്കി. രൂപയുടെ മൂല്യം മുൻ വാരം സൂചിപ്പിച്ച 95ലേക്ക് അടുത്തു. ബുള്ളിഷായി നീങ്ങുന്ന ക്രൂഡ് ഓയിൽ 100 ഡോളറിനു മുകളിൽ സഞ്ചരിക്കുന്നത് ഇന്ത്യൻ മാർക്കറ്റിനു കനത്ത ഭാരമാവും. പ്രത്യേകിച്ച് കോർപറേറ്റ് മേഖലയിൽനിന്നുള്ള അടുത്ത ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾക്കു തിളക്കം മങ്ങാൻ ഇടയാക്കുമെന്നതു സ്ഥിതി സങ്കീർണമാക്കാം.
മഹാവീർ ജയന്തിയും ദുഃഖവെള്ളിയും മൂലം ഈ വാരം രണ്ട് അവധി ദിനങ്ങളുണ്ട്. സാന്പത്തിക വർഷാന്ത്യമായതിനാൽ ആഭ്യന്തര ഫണ്ടുകളും പൊസിഷനുകളിൽ ഭേദഗതികൾ വരുത്താം. പിന്നിട്ടവാരം ശ്രീരാമ നവമി മൂലം വ്യാഴാഴ്ച വിപണി പ്രവർത്തിച്ചില്ല.
ഇന്ത്യാ വോളാറ്റിലിറ്റി സൂചിക ഉയർന്നു
നിക്ഷേപകർക്ക് അപായ സൂചന നൽകി ഇന്ത്യാ വോളാറ്റിലിറ്റി സൂചിക കുതിച്ചു. പിന്നിട്ടവാരം 17.5 ശതമാനം സൂചിക വർധിച്ച് 26.80ലേക്ക് കയറി. ഓഹരി വിപണിയിൽ അസ്ഥിരത തലയുയർത്തുന്ന സന്ദർഭങ്ങളിൽ വോളാറ്റിലിറ്റി സൂചിക അപായ മണി മുഴക്കുന്നതിനാൽ നിക്ഷേപകർ കൂടുതൽ ജാഗ്രത പുലർത്തണം.
സൂചികയിൽ വൻ ചാഞ്ചാട്ട സാധ്യത കണക്കിലെടുത്തു പുതിയ ബാധ്യതകളിൽനിന്നും അല്പം പിൻതിരിയുന്നത് അഭികാമ്യം. കോവിഡ് വേളയിൽ, 2020 മാർച്ചിൽ സൂചിക 65ലേക്ക് ഉയർന്നിരുന്നു. 2024 ജൂണിനുശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലാണ് വോളാറ്റിലിറ്റി സൂചികയിപ്പോൾ. ഫെബ്രുവരി അവസാനം ഇറാൻ യുദ്ധം തുടങ്ങിയ ശേഷം 90 ശതമാനം ഉയർന്നു.
കുതിപ്പില്ലാതെ നിഫ്റ്റി
നിഫ്റ്റി 23,114ൽനിന്നും ഇടപാടുകളുടെ ആദ്യ പകുതിയിൽ 23,465ലേക്ക് ഉയർന്നെങ്കിലും 23,664ലെ പ്രതിരോധത്തിലേക്ക് അടുക്കാനായില്ല. ഇതിനിടയിൽ ഉടലെടുത്ത വില്പന സമ്മർദത്തിൽ നിഫ്റ്റി 22,757ലെ ആദ്യ സപ്പോർട്ട് തകർത്ത് 22,471 വരെ ഇടിഞ്ഞു. എന്നാൽ, 22,400ലെ രണ്ടാം സപ്പോർട്ട് നിലനിർത്തിയെന്നു മാത്രമല്ല വ്യാപാരാന്ത്യം സൂചിക ആദ്യ സപ്പോർട്ടിനു മുകളിൽ 22,819 പോയിന്റിലാണ്.
ഈ വാരം ആദ്യ താങ്ങ് 22,371 പോയിന്റിലാണ്. അത് നഷ്ടപ്പെട്ടാൽ തിരുത്തൽ 21,924 –20,930 റേഞ്ചിലേക്ക് തിരിയാം. താഴ്ന്ന റേഞ്ചിൽ ഊഹക്കച്ചവടക്കാർ വാങ്ങലിനു മുതിർന്നാൽ 23,365നു മുകളിൽ ഇടം കണ്ടെത്താം. നിഫ്റ്റിയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ സൂപ്പർ ട്രെന്ഡ്, പാരാബോളിക്ക് എസ്എആർ, എംഎസിഡി എന്നിവ ദുർബലാവസ്ഥയിലാണ്. വിപണി 200 ആഴ്ചകളിലെ ശരാശരിയായ 21,700നു മുകളിലാണ്, ഇത് ദീർഘകാല സപ്പോർട്ടായി കണക്കാക്കാം.
എന്നാൽ, ഈ താങ്ങ് നഷ്ടപ്പെട്ടാൽ തകർച്ചയുടെ ആക്കം ഇരട്ടിക്കാം.
നിഫ്റ്റി മാർച്ച് സീരീസ് സെറ്റിൽമെന്റ് കഴിഞ്ഞതോടെ ഏപ്രിൽ ഫ്യൂച്ചേഴ്സിലേക്ക് ഓപ്പറേറ്റർമാർ ചുവടുമാറ്റി. പുതിയ ഷോർട്ട് പൊസിഷനുകൾക്ക് അവർ ഉത്സാഹിച്ചതായി അനുമാനിക്കാം. 22,909ലാണ് ഏപ്രിൽ ഫ്യൂച്ചേഴ്സ്, നിലവിൽ താഴ്ന്ന റേഞ്ചിലേക്ക് പരീക്ഷണങ്ങൾക്കു ശ്രമം നടത്താം. ബെയറിഷ് മനോഭവത്തിനിടയിൽ 1.6 ശതമാനം ഇടിവ് നേരിട്ടതിനിടയിൽ ഓപ്പൺ ഇന്ററസ്റ്റ് മൂന്ന് ഇരട്ടിയോളം വർധിച്ച് 147 ലക്ഷം കരാറായത് വിൽപ്പനക്കാരുടെ ആധിപത്യത്തെ സൂചിപ്പിക്കുന്നു.
സെൻസെക്സിൽ വില്പന സമ്മർദം
സെൻസെക്സ് 74,532 പോയിന്റിൽനിന്നും വാരത്തിന്റെ ആദ്യ പകുതിയിൽ 75,809 വരെ ഉയർന്നു. മുൻനിര, രണ്ടാം നിര ഓഹരികളിലെ വില്പന സമ്മർദം സൂചികയെ 72,556 ലേക്ക് തളർത്തിയെങ്കിലും വ്യാപാരാന്ത്യം 73,583ലാണ്. ഈവാരം ആദ്യ പ്രതിരോധം 75,409ൽ, വില്പന സമ്മർദം തുടർന്നാൽ 72,156 – 70,729ൽ താങ്ങ് പ്രതീക്ഷിക്കാം.
വിദേശ നിക്ഷേപകർ വില്പന മൂഡിൽ
വിദേശ ധനകാര്യസ്ഥാപനങ്ങൾ പോയവാരം 24,596.46 കോടി രൂപയുടെ ഓഹരികൾ വിറ്റു. മാർച്ചിൽ അവരുടെ വില്പന 1,11,375 കോടി രൂപയാണ്. ഈ വർഷം വിദേശ ഫണ്ടുകൾ 1,27,157 കോടി രൂപയുടെ ഓഹരികളാണു വിറ്റുമാറിയത്. ആഭ്യന്തര ഫണ്ടുകൾ പിന്നിട്ട വാരം 26,897.05 കോടി രൂപ നിക്ഷേപിച്ചു. ഈ മാസത്തെ അവരുടെ നിക്ഷേപം 1,28,065.65 കോടി രൂപയാണ്.
രൂപയ്ക്ക് ഇടിവ്
രൂപയ്ക്ക് റിക്കാർഡ് തകർച്ച. തുടർച്ചയായ നാലാം വാരമാണ് ഡോളറിനു മുന്നിൽ രൂപ ആടിയുലയുന്നത്. 93.71ൽ നിന്നും 94.84ലേക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 94.75ലാണ്. 104 പൈസയുടെ മൂല്യത്തകർച്ച. എണ്ണ ഇറക്കുമതി ചെലവ് ഉയർന്നതു രൂപയുടെ കരുത്തു ചോർത്തി. സാന്പത്തിക വർഷത്തിൽ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കനത്ത മൂല്യത്തകർച്ചയെയാണു രൂപ അഭിമുഖീകരിച്ചത്.
സ്വർണത്തിനു കയറ്റിറക്കം
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിനു 4491 ഡോളറിൽ നിന്ന് 4114 ഡോളറിലേക്ക് ഇടിഞ്ഞ ശേഷം 4601 വരെ തിരിച്ചു കയറിയെങ്കിലും വാരാന്ത്യം 4493 ഡോളറിലാണ്. 4350 ഡോളറിൽ ശക്തമായ താങ്ങുണ്ട്.
ആഭ്യന്തര സ്വർണ അവധിയിൽ പത്ത് ഗ്രാമിനു 1.50 ലക്ഷം രൂപയിൽ പ്രതിരോധം തല ഉയർത്തുന്നു. വാരാന്ത്യം 1.47 ലക്ഷത്തിലാണ്. നിലവിലെ സാഹചര്യത്തിൽ 1.32 ലക്ഷത്തിലെ താങ്ങ് നഷ്ടപ്പെട്ടാൽ സ്വർണം 1.25ലേക്ക് തിരുത്തലിനു ശ്രമിക്കാം. വില്പനക്കാരുടെ നിയന്ത്രണത്തിലാണു വിപണിയെങ്കിലും രൂപയുടെ തകർച്ച ആഭ്യന്തര സ്വർണ വിലയെ താങ്ങിനിർത്താം.